മാനന്തവാടി: വയനാട് കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി. ബേഗൂർ വന മേഖലയിൽ കടുവ ഒളിഞ്ഞിരിക്കുന്ന ഇടം തിരിച്ചറിഞ്ഞുവെന്നാണ് വയനാട് ഡിഎഫ്ഒ വ്യക്തമാക്കിയത്. എത്രയും വേഗം കടുവയെ പിടികൂടാനാകുമെന്നും ഡിഎഫ്ഓ അവകാശപ്പെട്ടു.( kurukkanmoola tiger located )
വൈകാതെ കടുവയ്ക്ക് മയക്കുവെടി വയ്ക്കാനാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. വിദഗ്ധ സംഘം അവസരത്തിനായി കാത്തിരിക്കുകയാണ്. കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ബേഗൂർ വന മേഖലയിലായിരുന്നു വനംവകുപ്പിന്റെ ഇന്നത്തെ തിരച്ചിൽ. രാവിലെ കാൽപ്പാടുകൾ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക് കടുവ കയറി എന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ എല്ലാ സംഘങ്ങളും ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.
കഴിഞ്ഞ 20 ദിവസമായി കടുവാ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറു സംഘങ്ങളായാണ് പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുന്നത്. വനത്തിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെ പയ്യംപള്ളി പുതിയിടത്താണ് കടുവയെ ഇന്നലെ കണ്ടത്. കടുവയുടെ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. നാട്ടുകാരിൽ ചിലർ കടുവയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. കടുവ കൂടുതൽ ജനവാസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ഇന്ന് രാത്രിയോടെ തന്നെ കടുവയെ മയക്കുവെടി വച്ച് വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ജനം.
കഴിഞ്ഞ രണ്ട് ദിവസം വളർത്തു മൃഗങ്ങളെ ആക്രമിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ശനിയാഴ്ച രാത്രി കടുവ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വനപാലകർ പറയുന്നു. അതുകൊണ്ട് തന്നെ പ്രദേശവാസികള്‍ തൊഴുത്തിനരികെ തീ കത്തിച്ചു വെക്കുകയും വെളിച്ചമിട്ടു വെക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ശനിയാഴ്ച രാത്രി പെട്രോളിംഗ് ശക്തമാക്കാനാണ് വനപാലകരുടെ തീരുമാനം.
കടുവയെ പിടിക്കാൻ പറ്റാതായതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാൽ ഇത്രയും ദിവസം കടുവ തെരച്ചിൽ സംഘത്തിന് പിടി നൽകാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു.

















