വയനാട്: രണ്ടാഴ്ചയായി വയനാട് ജില്ലയിലെ കുറുക്കന്‍മൂലയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ കടുവയെ ഭയന്ന് ജീവിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയും കടുവ നാട്ടില്‍ ഇറങ്ങി. കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻ മൂലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അരമണിക്കൂർ മാത്രം പഴക്കമുള്ള കാൽപ്പാടുകൾ ആണെന്നാണ് നിഗമനം.
കാടിനോട് ചേർന്നുള്ള ജനവാസമേഖലയിൽ ആണ് കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയത്. പട്ടികൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ വരെ ഇത്തരമൊരു കാൽപ്പാട് ഇവിടെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
മണിക്കൂറുകൾക്കു മുമ്പ് കടുവ കടന്നുപോയതിൻ്റെ കാൽപ്പാടുകൾ ആവാമെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയെ പിടികൂടാൻ കാട് വളഞ്ഞിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. കടുവ പോയെന്ന് കരുതപ്പെടുന്ന ഭാഗത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയാണ്. വിവിധ സംഘങ്ങളായാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

















