പാലക്കാട്: എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണത്തില്‍ അലംഭാവമെന്ന് കാട്ടി ബിജെപി നേതൃത്വം കോടതിയെ സമീപിക്കും. ഒരുമാസം കഴിഞ്ഞിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന സഞ്ജിത്തിന്റെ കുടുംബത്തിന്റെ പരാതി ന്യായമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
പരിശോധനയെന്ന പേരില്‍ പോലീസ് ചില പ്രഹസനങ്ങള്‍ കാണിക്കുന്നത് പിഴവ് മറയ്ക്കാനാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പോലീസാണ്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നില്‍. ഈ രീതിയിലാണ് അന്വേഷണമെങ്കില്‍ പ്രതികളെ പോലീസിന് പിടികൂടാനാകില്ല.
അട്ടിമറിയെന്ന സംശയം കണക്കിലെടുത്താണ് സഞ്ജിത്തിന്റെ കുടുംബവുമായി ആലോചിച്ച് നിയമനടപടിയിലേക്ക് നീങ്ങാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം എസ് ഡി പി ഐ ഓഫിസുകളില്‍ പോലീസ് നടത്തിയ പരിശോധന കണ്ണില്‍പ്പൊടിയിടാനെന്നാണ് സുരേന്ദ്രന്റെ വിമര്‍ശനം.
കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മമ്പ്രത്തിന് സമീപം കാറിടിച്ച് വീഴ്ത്തി സഞ്ജിത്തിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടും സഹായം ചെയ്ത ഒരാളുമാണ് ഇതുവരെ അറസ്റ്റിലായത്. മൂവരും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ്.

















