തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാൻ മന്ത്രി കത്തയച്ചതിനെ തുടർന്നാണ് വിമർശനം. മന്ത്രിയ്‌ക്ക് തനിക്ക് നേരിട്ട് കത്തെഴുതാൻ അനുവാദമില്ല. സേർച്ച് കമ്മിറ്റിയ്‌ക്കാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരം. തന്റെ ജോലി മന്ത്രിയ്‌ക്ക് മറുപടി നൽകുന്നതല്ലെന്നും ഗവർണർ പറഞ്ഞു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലി. വിസി നിയമനത്തില്‍ രാഷ്ട്രീയമുണ്ടെന്നും ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഹൈക്കോടതി നോട്ടീസ് അയച്ചവിവരം തനിക്കറിയില്ല. കോടതി കാര്യത്തില്‍ അഭിപ്രായം പറയാനില്ല. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കുന്ന ഫയലില്‍ പൂര്‍ണമനസോടെയല്ല ഒപ്പിട്ടത്.
സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് സ്വന്തം തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥിന്റെ പുനർനിയമനം ഹൈക്കോടതി ശരിവെച്ചിരുന്നു. പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. പ്രായപരിധി അടക്കമുള്ള വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്.

















