ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ സാഹചര്യം വളരെ പരിതാപകരമാണെന്ന് സുപ്രീം കോടതി. കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേമ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 40000 ത്തിലധികം പേർ മരിച്ചെങ്കിലും നഷ്ടപരിഹാരം വിതരണം ചെയ്‍തത് 548 പേർക്ക് മാത്രമാണെന്നും സുപ്രിംകോടതി വിമർശിച്ചു. അപേക്ഷ നൽകിയവർക്ക് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നല്‍കാന്‍ നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചയുണ്ടായാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
40855 കോവിഡ് മരണമാണ് ഇതുവരെ കേരളത്തില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഇതില്‍ 10777 പേരുടെ ബന്ധുക്കളാണ് ഇതുവരെ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. അതില്‍ 1948 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ള അപേക്ഷകള്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് വരെ 548 പേര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഗുജറാത്ത് മാതൃകയില്‍ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിലൂടെ നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത നഷ്ടപരിഹാരത്തെ സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

















