തിരുവനന്തപുരം: സ്പോർട്സ് ക്വാട്ടയിലെ അർഹതപ്പെട്ട നിയമനത്തിനായി സമരം ചെയ്യുന്ന കായിക താരങ്ങള്‍ കായിക മന്ത്രി അബ്ദുറഹിമാനുമായി നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച വിജയമാണെന്നും സമരം അവസാനിപ്പിക്കുന്നതായും സമരം ചെയ്ത കായിക താരങ്ങള്‍ അറിയിച്ചു.
പരാതികൾ പരിശോധിക്കാൻ സ്പോർട്സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്‌ധസമിതിയെ ഏർപ്പെടുത്തി. 24 കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. നടപടികള്‍ പൂര്‍ത്തീകരിച്ചതായും ബാക്കിയുളള കായികതാരങ്ങളുടെ നിയമനത്തിന് എട്ടംഗസമിതി രൂപീകരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കായികതാരങ്ങള്‍ എല്ലാകാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. സര്‍ക്കാരിന് പിടിവാശിയില്ല, ജോലി നല്‍കുമെന്നാണ് എന്നും സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
താരങ്ങളെ പ്രതിനിധീകരിച്ച് നാല് പേരാണ് ചർച്ചയിൽ പങ്കെടുത്തത്. കായിക വകുപ്പ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്സിക്കുട്ടൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സമരം ശക്തമാക്കുമെന്ന് കായികതാരങ്ങൾ അറിയിച്ചതോടെയാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. ദേശീയ ഗെയിംസിൽ ഉൾപ്പെടെ കേരളത്തിനായി മെഡൽ നേടിയ 44 കായിക താരങ്ങളാണു സ്പോർട്സ് ക്വോട്ട നിയമനത്തിനായി സമരം ചെയ്തിരുന്നത്.

















