ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പിന്‍വലിച്ച് ദിലീപ്.കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നീക്കം. ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി. വര്‍ഗീസാണ് കോടതിയെ അറിയിച്ചത്.
കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരഗിണിക്കാനിരിക്കെയാണ് ഹര്‍ജി പിന്‍വലിച്ചത്.വിചാരണക്കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായി അഭിഭാഷകന്‍ ഫിലിപ്പ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.
















