ന്യൂഡല്‍ഹി: കുനൂരില്‍ സംയുക്ത സേനാമേധാവി ജനറൽ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണം രണ്ടാഴ്ചയിൽ പൂര്‍ത്തിയാകും. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എയർമാർഷൽ മാനവേന്ദ്ര സിംഗിൻറെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ കിട്ടാനുള്ള നടപടി തുടങ്ങി. ദൃക്സാക്ഷികളുടെയും രക്ഷാപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 14 പേര്‍ മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.
ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്‌കുമാർ, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അതേസമയം, ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉള്ള ഭോപ്പാലിലാണ് സംസ്കാരം. ബംഗ്ലൂരുവിൽ നിന്ന് പ്രത്യേക വ്യോമസേന വിമാനത്തിൽ മൃതദേഹം ഭോപ്പാലിൽ എത്തിച്ചു. ബംഗ്ലൂരു യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ അന്ത്യാഞ്ജലി നൽകി. സുളൂരിലെ വ്യോമസേനാംഗങ്ങളും ബംഗ്ലൂരുവിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
















