അബുദാബി: ഞായറാഴ്ച മുതല്‍ മറ്റ് എമിറേറ്റുകളില്‍നിന്ന് അബുദാബയില്‍ പ്രവേശിക്കുന്നവരെ ഇ.ഡി.ഇ സ്കാനിങ്ങിന് വിധേയരാക്കും.അബുദാബി അടിയന്തര ദുരന്തനിവാരണ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതിവേഗത്തില്‍ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഇ.ഡി.ഇ സ്കാനറുകള്‍.
സ്കാനിങ്ങില്‍ കോവിഡ് കേസ് സംശയിക്കുന്നവരെ പരിശോധന കേന്ദ്രങ്ങളിലേക്ക് അയക്കുകയും ഇവിടെ സൗജന്യ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കുകയും ചെയ്യും. 20 മിനിറ്റിനുള്ളില്‍ ഇതിൻറെ ഫലം ലഭിക്കും. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സക്ക് ആവശ്യമായ നിര്‍ദേശം നല്‍കും.
മാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, തിയറ്റര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഇ.ഡി.ഇ സ്കാനറുകള്‍ ഉപയോഗിക്കുന്നുണ്ട്. അബുദാബി ദുരന്ത നിവാരണ കമ്മിറ്റിയാണ് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമം പുതുതായി അപ്ഡേറ്റ് ചെയ്യുകയും എന്‍ട്രി പോയന്റുകളില്‍ ഇ.ഡി.ഇ സ്കാനറുകള്‍ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നത്.
















