ചെറുതോണി: കശ്മീര്‍ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന് അനീഷ് ജോസഫിന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഇന്ന് രാവിലെ ഒന്‍പതിന് വീട്ടിലെത്തിച്ച അനീഷിന്റെ മൃതദേഹം മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കശ്മീരിലെ ബാരാമുള്ളയില്‍ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ ബിഎസ്എഫ് ജവാനായ ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് മരിച്ചത്. അനീഷ് കാവല്‍ നിന്നിരുന്ന ടെന്റിന് തീപിടിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്. ടെന്റിനുള്ളിലെ തണുപ്പ് നിയന്ത്രിക്കാനുള്ള ഹീറ്ററില്‍ നിന്ന് തീപടരുകയായിരുന്നെന്നാണ് വിവരം.
മേലേകുപ്പച്ചാംപടി വടുതലക്കുന്നേൽ പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനായ അനീഷ് 20 വർഷത്തെ സൈനിക സേവനത്തിന് ശേഷം ഈ മാസം ഒടുവിൽ വിരമിക്കാനിരിക്കുകയായിരുന്നു.
വിരമിച്ചു നാട്ടിലെത്തുന്നതിനു മുന്നോടിയായി കൊച്ചുകാമാക്ഷിയിൽ വീട് നവീകരണവും നടത്തിയിരുന്നു. സിആർ പിഎഫ് ഉദ്യോഗസ്ഥയായ ഭാര്യ സീനയും മക്കളായ എലന മരിയ അനീഷ് ( പ്ലസ് വണ്‍ വിദ്യാർഥിനി), അലോണ മരിയ അനീഷ് (ആറാം ക്ലാസ് വിദ്യാർഥിനി) സീനയുടെ ജോലിസ്ഥലമായ ഗുജറാത്തിലായിരുന്നു താമസിച്ചിരുന്നത്.

















