കൊച്ചി: കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്ന് കോടതി പറഞ്ഞു. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഗവർണറും, മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ കത്തിടപാട് ഈ ഹർജിയുടെ പരിധിയിൽ വരുന്നില്ല, അതിനാലാണ് ഈ രേഖകൾ വിളിച്ചു വരുത്തണമെന്ന അപേക്ഷ പരിഗണിക്കാത്തതെന്നും ഉത്തരവിലുണ്ട്.
കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് ചോദ്യം ചെയ്ത് സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹരജി നൽകിയിരുന്നത്.
ഇതിനിടെ കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. വി.സിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്. സര്‍ക്കാരും ഗവര്‍ണറുമായും, ചാന്‍സലറും പ്രോ ചാന്‍സലറുമായും ഉള്ള ആശയവിനിമയം പുറത്ത് പറയാനുളളതല്ലെന്നും മന്ത്രി പ്രതികരിച്ചു.

















