തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ചുകൊണ്ടുള്ള കോടതി വിധി സന്തോഷം നല്‍കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. വിധിയെ സ്വാഗതം ചെയ്യുന്നു. മറ്റു കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ട്. അദേഹത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കത്ത് പുറത്തുവിട്ടത് ശരിയല്ലെന്നും മാധ്യമവിചാരണ വേണ്ടെന്നും ബിന്ദു പറഞ്ഞു.
ചാന്‍സലറും പ്രോ – ചാന്‍സലറും തമ്മിലുള്ള ആശയവിനിമയം പരസ്യമാക്കുന്നത് ശരിയല്ല. സെര്‍ച്ച് കമ്മറ്റിയെ പിരിച്ചുവിട്ടതിനെപ്പറ്റി ഗവര്‍ണറോട് തന്നെ ചോദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. വി.സിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്. സര്‍ക്കാരും ഗവര്‍ണറുമായും, ചാന്‍സലറും പ്രോ ചാന്‍സലറുമായും ഉള്ള ആശയവിനിമയം പുറത്ത് പറയാനുളളതല്ലെന്നും മന്ത്രി പ്രതികരിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഹൈക്കോടതി ബുധനാഴ്ച ശരിവെച്ചിരുന്നു. പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലായിരുന്നു വിധി. വിവിധ സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന് ആശ്വാസകരമായ വിധി വന്നത്.

















