കൊച്ചി: ദേശീയ പാതയിലെ (National Highway) ടോളിനെ പിന്തുണച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ (High Court). ദേശീയപാത 544 ൽ പാലിയേക്കരയിലെ ടോൾ പിരിവ് (Toll Collection) അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയിലെ ഹർജി തള്ളണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. ടോൾ കമ്പനി നിർമ്മാണ ചെലവും വൻ ലാഭവും തിരിച്ച് പിടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ് നിലപാട്. ടോൾ നിരക്ക് പുതുക്കി നിശ്ചയിച്ചത് കേന്ദ്രസർക്കാരാണ്.
ടോൾ പിരിയ്ക്കാനും അത് പുതുക്കി നിശ്ചയിക്കാനും തങ്ങൾക്ക് അവകാശമുണ്ട്. ദേശീയപാത 544 ൻറെ നിർമാണച്ചെലവ് 721 കോടിയെന്ന വാദം ശരിയല്ല. ഒരു ശതമാനം നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയാക്കാനുളളത്. കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരമുളള നിലവാരം ദേശിയ പാതയ്ക്കുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.

















