പത്തനംതിട്ട:ശബരിമലയിൽ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണവും ഉടൻ നീക്കിയേക്കും.പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് വീണ്ടും ആവശ്യപ്പട്ടിട്ടുണ്ട്.
അതേസമയം ശബരിമല സന്നിധാനത്ത് ഭണ്ഡാരത്തിലെ കറൻസി നോട്ട് ഏണ്ണിയതില്‍ പിശക് കണ്ടെത്തിയ സംഭവത്തിൽ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ബാങ്ക് ജീവനക്കാര്‍ എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകെട്ടുകളില്‍ അധിക തുക കണ്ടെത്തിയതിനെ തുടർന്നാണിത്. നോട്ടെണ്ണുന്ന യന്ത്രത്തിലെ തകരാറാണ് പിശകിന് കാരണമെന്ന് ദേവസ്വം ബോര്‍ഡും ബാങ്ക് അധികൃതരും പറയുന്നു.
ശബരിമല സന്നിധാനത്ത് കാണിക്കയായി കിട്ടുന്ന നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്ന ബാങ്കിലെ ജീവനക്കാരാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അടുക്കി നല്‍കുന്ന നോട്ടുകള്‍ യന്ത്രത്തിന്റെ സഹായത്തോടെ ബാങ്ക് ജീവനക്കാരാണ് എണ്ണുന്നത്. ഇത്തരത്തില്‍ എണ്ണി മാറ്റിയ നോട്ടുകെട്ടുകളില്‍ വലിപ്പം കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.

















