തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ (Kannur University VC) നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ (R Bindu) പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയിൽ പരാതി നൽകും.
അതേസമയം മന്ത്രിയുടെ ശിപാർശ അംഗീകരിച്ച ഗവർണറുടെ നടപടിയും ചട്ടവിരുദ്ധമാണ്.പ്രൊ വി സി എന്ന എന്ന അധികാരം ഉപയോഗിച്ചാണ് വിസി നിയമനത്തിന് മന്ത്രി ആർ. ബിന്ദു ശിപാർശ നൽകിയത്. എന്നാൽ മന്ത്രിക്ക് ഇതിന് അധികാരമില്ല. സെർച്ച് കമ്മിറ്റിയാണ് വിസി നിയമന പട്ടിക ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറേണ്ടത്. ആ പട്ടികയിൽ നിന്ന് ഗവർണർ വിസിയെ തെരഞ്ഞെടുക്കണം. ഇല്ലാത്ത അധികാരം അവകാശപ്പെട്ട് മന്ത്രി നൽകിയത് ശിപാർശ കത്താണെന്നാണ് പ്രതിപക്ഷ ആരോപണം.

















