വാരണാസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന ഇടമാണ് കാശി വിശ്വനാഥ ക്ഷേത്രം.ശൈവവിശ്വാസനമനുസരിച്ചുള്ള ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം പടിഞ്ഞാറന്‍ ഗംഗായുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ശിവഭക്തര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന, ഏറ്റവും വിശുദ്ധ ശിവക്ഷേത്രങ്ങളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ചറിയാം.
വളരെ സമ്ബന്നമായ ചരിത്രമാണ് കാശിയുടേത്. വിശ്വാസങ്ങളിലും പുരാണങ്ങളിലും പറഞ്ഞതിനു ശേഷമുള്ല മറ്റൊരു ചരിത്രവും ഈ നഗരത്തിനുണ്ട്. പലതവന്‍ തകര്‍ക്കപ്പെടുകയും പിന്നീട് ഓരോ തവണയും അതില്‍ നിന്നെല്ലാം ഉയര്‍ത്തെണീക്കുകയും ചെയ്ത ഒരു കാലത്തിന്റെ കഥയും ഇവിടെയുണ്ട്. 1194ല്‍ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി ആണ് ക്ഷേത്രത്തിന് വലിയ തകര്ച്ചകള് സമ്മാനിച്ചത്. അതിനു ശേഷം പുനര്‍നിര്‍മ്മാണം നടക്കുന്ന സമയത്ത് കുത്തബുദ്ദീന്‍ ഐബക് ക്ഷേത്രം വീണ്ടും തകര്‍ത്തു 1494ല്‍ സിക്കന്തര്‍ ലോധി ക്ഷേത്രം തകര്‍ക്കുക മാത്രമല്ല, അവിടെ മറ്റൊരു ക്ഷേത്രം നിര്‍മ്മിക്കുന്നത് തടയുകയും ചെയ്തു.
അതിനു ശേഷം 17-ാം നൂറ്റാണ്ടില്‍ ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണി ആരംഭിച്ചു. ഇപ്പോഴിവിടെ കാണുന്ന ക്ഷേത്രഗോപുരങ്ങള്‍ 1780 ല്‍ മറാഠാ രാജ്ഞി അഹല്യാബായ് ഹോല്‍ക്കര്‍ നിര്‍മ്മിച്ചതാണ്. ഗോപുരങ്ങള്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് 1839ല്‍ മഹാരാജ രഞ്ജീത് സിങ് നല്കിയ സ്വര്‍ണം ഉപയോഗിച്ചാണ് എന്നാണ് മറ്റൊരു വിശ്വാസം.
മോക്ഷത്തിലേക്ക് വാതില്‍ തുറക്കുന്ന കാശിയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ശിവന്റെ കണ്ടുപരിചയിച്ച പതിവ് രൗദ്രകോപ ഭാവങ്ങളില്‍ നിന്നും വ്യത്യസ്തനായ, വിശ്വാസികളെ കരുണയോടെ കാത്തിരിക്കുന്ന, ആത്മാക്കളെ മോക്ഷത്തിലേക്ക് നയിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രത്യേകത.
വിശ്വനാഥന് അഥവാ വിശ്വേശ്വരനായി ശിവന് വാഴുന്ന ഇടമാണ് കാശി വിശ്വനാഥ ക്ഷേത്രം. കാശിയുടെ ഗുരുവും നാഥനും രാജാവും ഇവിടെ ശിവനാണ്. അതിപുരാതന കാലം മുതല്‍ തന്നെ ഇവിടെ നിലനില്‍ക്കുന്ന ഈ ക്ഷേത്രത്തെ ഹൈന്ദവ വിശ്വാസങ്ങളിലും ശിവപുരാണങ്ങളിലും കാണുവാന്‍ സാധിക്കും. പരമശിവന്റെ ജഡയില്‍ നിന്നും താഴെയിറങ്ങി വന്നതുപോലെയാണത്രെ ആകാശക്കാഴ്ചയില്‍ കാശിയുടെ കിടപ്പ്.
മോക്ഷത്തിലേക്കുള്ള വാതില്‍ സ്ഥിതി ചെയ്യുന്നിടം… ഇവിടെയെത്തി മരിച്ചാല്‍ ആത്മാവിന് സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, മറ്റു വിശുദ്ധ നഗരങ്ങളായ അയോധ്യയില്‍ നിന്നും ഉജ്ജയിനില്‍ നിന്നും ഹരിദ്വാറില്‍ നിന്നുമെല്ലാം ആത്മാക്കള്‍ എത്തിച്ചേരുന്നതും ഇവിടെയാണത്രെ… ഇവിടെ നിന്നാണ് അന്തിമമോക്ഷത്തിലേക്കുളള ആത്മാക്കളുടെ യാത്ര ആരംഭിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കാശിയുടെ പൗരാണികതയ്ക്ക് കോട്ടം സംഭവിക്കാതെ ഇവിടെ നടത്തുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി. ഗംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുകയാണ് കാശി ധാം ഇടനാഴി ചെയ്യുന്നത്. 1,000 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി.വിവിധ മതപരമായ ചടങ്ങുകള്‍ക്കും സൗകര്യങ്ങള്‍ക്കും വ്യത്യസ്ത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിശ്വനാഥ് ധാമില്‍ മൂന്ന് പാസഞ്ചര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോക്കറുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, ഭക്തര്‍ക്കായി പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.