തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എയര്‍പോര്‍ട്ട് മുതല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. വാക്‌സിന്‍ നല്‍കുന്ന സുരക്ഷ ആന്റിബോഡി, കോശങ്ങളുടെ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കൊവിഡിനെതിരെ സുരക്ഷ നല്‍കുവാന്‍ വാക്‌സിനുകള്‍ക്ക് കഴിയും. കൊവിഡ് രോഗ തീവ്രത കുറയ്ക്കുവാന്‍ വാക്‌സിനുകള്‍ക്ക് കഴിയും. അതിനാല്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍ രണ്ട് ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് വാക്‌സിന്‍ ഇതുവരെയും എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണം.
വൈറസുകള്‍ക്ക് പകരാനും പെരുകാനും ശേഷി ഉള്ളിടത്തോളം അതിന് വകഭേദങ്ങള്‍ ഉണ്ടാകും. വകഭേദങ്ങള്‍ അപകടകാരികള്‍ അല്ലെങ്കില്‍ അതിനെ ശ്രദ്ധിക്കേണ്ടി വരില്ലായിരുന്നു. കൂടുതല്‍ പകര്‍ച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വരുക എന്നിങ്ങനെ ഉണ്ടാകുമ്പോഴാണ് വകഭേദത്തിനെ കൂടുതല്‍ ശ്രദ്ധിക്കുക. വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാന നടപടി കൊവിഡ് ബാധ കുറയ്ക്കുക എന്നതാണ്. അതിനാല്‍ എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

















