മസ്കത്ത്: പ്രകൃതിസൗന്ദര്യത്തോടൊപ്പം മലകയറ്റവും ആസ്വദിക്കാന്‍ അവസരമൊരുക്കി ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ഹംറ വിലായത്തിലെ മിസ്ഫത്ത് അല്‍ അബ്രിയീന്‍ ഗ്രാമത്തില്‍ ‘ക്ലൈംബിങ് മതില്’ തുറന്നു.ഇതുമായി ബന്ധപ്പെട്ട് പരശീലനം പൂര്‍ത്തിയായ ആളുകളാണ് ‘ക്ലൈംബിങ് മതില്’ കൈകാര്യം ചെയ്യുന്നത്.
കുട്ടികള്‍ക്കും പ്രഫഷനലുകള്‍ക്കും മറ്റുമായി മൂന്നു വ്യത്യസ്ത ട്രാക്കുകളുള്ള ‘ക്ലൈംബിങ് മതിലാണ്’ ഇവിടെ ഒരുക്കിയത്. വിദഗ്ധ കമ്ബനിയാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള മിസ്ഫത്ത് അല്‍ അബ്രിയീന്‍ നഗരത്തിലെ ടൂര്‍ ഗൈഡുമാരില്‍ ഒരാളുമായ അബ്ദുറഹ്മാന് അല്‍ അബ്രി പറഞ്ഞു.
വേണ്ട സുരക്ഷയും മുന്‍കരുതലുകളും ഒരുക്കിയിട്ടുള്ളതിനാല്‍ മലകയറ്റം ആസ്വാദ്യകരമാണെന്നാണ് പല യാത്രികരും പറയുന്നത്. വാദി അഡ്വഞ്ചേഴ്സ് കമ്ബനിയുമായി സഹകരിച്ച് മേഖലയിലേക്ക് വിനോദസഞ്ചാരയാത്രകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളടക്കമുള്ള പല സഞ്ചാരികളും ഇവിടെ എത്തി സാഹസികതയുടെ പുതിയ മേഖല ആസ്വദിച്ചു. വരുംദിവസങ്ങളില്‍ ഇവിടങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് കരുതുന്നത്.
യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് (യു.എന്‍.ഡബ്ല്യു.ടി.ഒ) ലോകത്തെ മികച്ച ടൂറിസം ഗ്രാമങ്ങളിലെ പട്ടികയില്‍ മിസ്ഫത് അല്‍ അബ്രിയീനെ ഉള്‍പ്പെടുത്തിയിരുന്നു. മസ്കത്തില്‍നിന്ന് 230 കിലോമീറ്റര്‍ അകലെ നിസ്വയില്‍നിന്ന് 30 കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാല്‍ ഈ പച്ചപുതച്ച ഗ്രാമത്തിലെത്താം. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്.