തിരുവനന്തപുരം: നടൻ ജയസൂര്യ കേരളത്തിലെ റോഡുകളെ വിമര്‍ശിക്കാൻ ഇടയാക്കിയ റോഡ് നന്നാക്കാൻ വഴി തെളിയുന്നു. ജയസൂര്യ പരാമര്‍ശിച്ച വാഗമണ്ണിലെ റോഡ് അറ്റകുറ്റപ്പണി നടത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. റോഡിൻ്റെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി ഫോണിൽ ബന്ധപ്പെട്ട ഈരാറ്റുപേട്ട സ്വദേശിയ്ക്കാണ് മന്ത്രി റിയാസ് ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കിയത്.
ഈരാറ്റുപേട്ട- വാഗമണ്‍ റോഡിനായി 19.9 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് കഴിഞ്ഞ ദിവസം ഭരണാനുമതിയും നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം വൈകാതെ തുടങ്ങാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രതീക്ഷ. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ലഭിച്ച പരാതികളില്‍ പലതിനും പരിഹാര നിര്‍ദേശങ്ങള്‍ അപ്പോള്‍ത്തന്നെ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്‍തു.

















