അഗളി : 23 വർഷത്തെ സേവനത്തിനൊടുവിൽ ‘അട്ടപ്പാടിയുടെ പ്രഭു ഡോക്ടർ’ പടിയിറങ്ങി.വെള്ളിയാഴ്ചയാണ് തിരൂരങ്ങാടിയിലേക്ക് സ്ഥലം മാറ്റിയതായി ഉത്തരവിറങ്ങിയത്. മലപ്പുറം തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടായി ജോലിയിൽ പ്രവേശിക്കാൻ ശനിയാഴ്ച രാവിലെതന്നെ ഡോ. ആർ. പ്രഭുദാസ് കോട്ടത്തറയിൽനിന്ന് പുറപ്പെട്ടു.
താൻ പൂച്ചെണ്ട് സ്വീകരിക്കാനല്ല, അട്ടപ്പാടിയിലെ ആശുപത്രിയിൽ ജോലിചെയ്തിരുന്നത്. അഭിമാനത്തോടെ തലയുയർത്തി പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നത്. നല്ലൊരു ചികിത്സാ സംവിധാനം താൻ വരുമ്പോൾ അട്ടപ്പാടിയിലുണ്ടായിരുന്നില്ല. എന്നാൽ, അതിനെ നല്ല നിലയിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞു. പകരക്കാരനായി വരുന്നയാൾ നല്ലയാളാണ്. കൂടുതൽ ഉയരത്തിലേക്ക് ആശുപത്രിയെ എത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഡോ.പ്രഭുദാസ് പറഞ്ഞു.
1995-ൽ അഗളി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് താത്കാലികസേവനത്തിനായാണ് ഡോ. പ്രഭുദാസ് അട്ടപ്പാടി ചുരം കയറിയത്. പിന്നീട് പി.എസ്.സി. വഴി സ്ഥിരംഡോക്ടറായി. അട്ടപ്പാടിയുടെ സ്വന്തം ഡോക്ടറായി. അഗളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജോലിസമയം കഴിഞ്ഞും താമസസ്ഥലത്ത് ചികിത്സക്കായി എത്തുന്നവർക്ക് സൗജന്യമായി ചികിത്സ നൽകി. മരുന്ന് മേടിക്കാൻ പണമില്ലാത്തവർക്ക് കിട്ടിയ ശമ്പളത്തിൽനിന്ന് മരുന്നിന് പണം നൽകി തിരികെയയച്ചിരുന്ന ഡോക്ടർ പാവപ്പെട്ടവരുടെ ഡോക്ടറായി മാറി.

















