കാസർകോട്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ (Sultan Gold Jewellery) നിന്ന് മൂന്ന് കോടിയോളം രൂപയുടെ വജ്രാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ജ്വല്ലറിയുടെ ഡയമണ്ട് വിഭാഗം മാനേജറായിരുന്ന ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് ഫാറൂഖിൻറെ സഹോദരൻ ഇമ്രാൻ ഷാഫിയാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് അറസ്റ്റ്. ഫാറൂഖാണ് കേസിൽ മുഖ്യ പ്രതി. രണ്ടുകോടി 88 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളാണ് ജ്വല്ലറിയിൽ നിന്ന് പ്രതി മോഷ്ടിച്ചത്. വജ്രാഭരണങ്ങൾ കർണാടകത്തിലെ വിവിധ ബാങ്കുകളിൽ പണയം വച്ചതായാണ് മൊഴി.
ആറ് മാസങ്ങളിലായി ഫാറൂഖ് ജ്വല്ലറിയിൽ നിന്ന് വജ്രാഭരണങ്ങൾ കടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവംബറിലെ ഓഡിറ്റിലാണ് വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കൊവിഡിനെ തുടർന്നുള്ള അടച്ചിടലിൽ ജ്വല്ലറിയിൽ ഓഡിറ്റ് നടക്കാതിരുന്നത് മുതലാക്കിയായിരുന്നു ആഭരണങ്ങൾ മോഷ്ടിച്ചത്. ഫാറൂഖ് പല തവണകളായി കൊണ്ട് വന്ന ആഭരണങ്ങൾ കർണാടകത്തിലെ വിവിധ ബാങ്കുകളിൽ ഇമ്രാൻ ഷാഫി പണയം വച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ആഭരണങ്ങൾ പ്രതിയുമായി പോയി വീണ്ടെടുക്കാനുള്ള നടപടി ക്രമങ്ങളിലാണ് കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ജ്വല്ലറിയിലെ വിശ്വസ്തനായ ജീവനക്കാരനാണ് മുഖ്യപ്രതിയായ ഫാറൂഖെന്ന് പൊലിസ് പറഞ്ഞു. ഇത് മുതലാക്കിയായിരുന്നു വജ്രാഭരണങ്ങൾ മോഷ്ടിച്ചത്. ഫാറൂഖ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

















