കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പൊലീസ് കെസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലീഗ് നേതാക്കൾക്കും കണ്ടാലറിയുന്ന 10,000 പാർട്ടി പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്‌ലിം ലീഗിൻറെ നേതൃത്വത്തിൽ വഖഫ് സംരക്ഷണ റാലി നടത്തിയിരുന്നത്.
പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമർശം നടത്തുകയും ചെയ്തതയും പരാതി ഉയർന്നിരുന്നു. വെള്ളയിൽ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ പൊലീസിൻറെ അനുമതിയോടെയാണ് റാലി സംഘടിപ്പിച്ചത് എന്നും ഗതാഗത നിയന്ത്രണം ഉൾപ്പെടെ ക്രമീകരണങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നതായും എന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. കേസെടുത്തതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച ശാഖാ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും.

















