കോഴിക്കോട്: ശ്രദ്ധേയനായ എഴുത്തുകാരൻ കണ്ണൻ കരിങ്ങാട് (Kannan Karingadu) അന്തരിച്ചു. 66 വയസായിരുന്നു. കുറ്റ്യാടിക്കടുത്ത് ചങ്ങരംകുളത്തായിരുന്നു താമസം. പൂർവ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവൽ കൊണ്ട് എഴുത്തുകാരെയും വായനാലോകത്തെയും വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്. കല്ലുവെട്ട് തൊഴിലാളിയായിരുന്നു.
എഴുത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ മടിക്കുകയോ അരികുചേർന്നു ജീവിക്കുകയോ ചെയ്യുന്നവരെ കണ്ടത്താൻ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളിലൊന്നായിരുന്നു ‘പൂർവ്വാപരം’. പൂർവ്വാപരത്തിന് വായനാലോകം അഭൂതപൂർവ്വമായ സ്വീകാര്യതാണ് നൽകിയത്. തുടർന്ന് പൂർണ്ണ പബ്ലിക്കേഷൻസ് പ്രസീദ്ധീകരിച്ച ‘പ്രതിലോകം’ മഹാഭാരതകഥയിലെ മൗനത്തെ ചികഞ്ഞെടുത്ത കൃതിയായിരുന്നു. പ്രതിലോകത്തിന് പൂർണ്ണ അവാർഡ് ലഭിക്കുകയുണ്ടായി.
താനൊരു ഏകലവ്യനാണെന്നും അദൃശ്യഗുരു ഒ.വി.വിജനാണെന്നും, തന്റെ എഴുത്തുരഹസ്യം വെളിപ്പെടുത്തുന്ന വേളയിൽ കണ്ണൻ കരിങ്ങാട് പറഞ്ഞിട്ടുണ്ട്. ‘ഗോമറയിലെ കാമധേനുക്കൾ’ എന്ന ചെറുകഥയാണ് തന്റെ കഥാജീവിതത്തിന് വഴിത്തിരവായത് എന്നും. തെക്കേയിന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിൽ പലതവണ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട് കണ്ണൻ കരിങ്ങാട്.
തിരമാലകളിൽനിന്നും വൈദ്യുതി, കാട്ടാനകളെ വിരട്ടാനുള്ള യന്ത്രം, ഭൂമികുലുക്കം മുൻകൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയവ അദ്ദേഹം സ്വന്തമായി നിർമിച്ചു. സി പി എം കരിങ്ങാട് ബ്രാഞ്ച് സിക്രട്ടറിയായും പുരോഗമനകലാ സാഹിത്യസംഘത്തിലും പ്രവർത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്.
ഭാര്യ: സരോജിനി, മക്കൾ: ജിനീഷ്, ജിഷ. മരുമകൻ: മനോജൻ (കൈവേലി). എ കെ അഗസ്തി, ബാലൻ തളിയിൽ, പിപി ഭാസ്കരൻ മാഷ്, പി.പി വാസുദേവൻ, ടി നാരായണൻ, നാസർ തയ്യുള്ളതിൽ, ശിവാനന്ദൻ, ചന്ദ്രൻ പൂക്കാട്, ദിവാകരൻ, കെ.പി.ബാബു. കെ.ജി. മണിക്കുട്ടൻ, കെ. ഷിനു, വിജയൻ എസ്. പി. എന്നിവർ അനുശോചനയോഗത്തിൽ സംസാരിച്ചു.

















