തൃശ്ശൂർ: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടർ അപകടത്തിൽ ( Helicopter Crash ) മരിച്ച മലയാളി സൈനികൻ ജൂനിയർ വാറൻറ് ഓഫീസർ എ പ്രദീപിൻറെ (Pradeep) മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. പ്രദീപിന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് പുത്തൂരിലെ സ്കൂളിലെത്തി ചേർന്നിരിക്കുന്നത്. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.
ദില്ലിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു. വഴിനീളെ നാട്ടുകാർ പ്രദീപിന് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി കെ രാധാകൃഷ്ണൻ, വി എം സുധീരൻ, മന്ത്രി കെ രാജൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി ആദരാഞ്ജലി പ്രദീപിന് അർപ്പിച്ചു

















