പട്ന: പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള ജന അധികാർ പാർട്ടി (ജെഎപി) കോൺഗ്രസിൽ ലയിക്കും. ലയനത്തിനു മുന്നോടിയായി ജെഎപി കീഴ്ഘടകങ്ങളും പോഷക സംഘടനകളും പിരിച്ചുവിട്ടു. ലയന പ്രഖ്യാപനത്തെക്കുറിച്ച് ഔദ്യോഗിക തീരുമാനമെടുക്കാനായി ജെഎപി നേതൃയോഗം 16,17 തിയതികളിൽ ചേരും.
പപ്പു യാദവിന്റെ പത്നിയും എഐസിസി സെക്രട്ടറിയുമായ രഞ്ജിത് രഞ്ജൻ ലയന തീരുമാനത്തിൽ നിർണായക പങ്കുവഹിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജെഎപി സ്ഥാനാർഥികളെ പിൻവലിപ്പിച്ചു പപ്പു യാദവിനെ കോൺഗ്രസിനു വേണ്ടി പ്രചരണത്തിനിറക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പപ്പു യാദവിന്റെ നേതൃത്വത്തിൽ ചെറുകക്ഷികളുടെ മുന്നണിയുണ്ടാക്കി മത്സരിച്ചെങ്കിലും ഒരു സീറ്റു പോലും നേടാൻ കഴിഞ്ഞില്ല.
















