ന്യൂഡല്‍ഹി: കൊവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ ചെയ്തതായാണ് വിവരം.
ഒമിക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ നാളെ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വാക്സീൻ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിർദേശമനുസരിച്ചാകുമെന്നാണ് വെള്ളിയാഴ്ചയും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ആവർത്തിച്ചത്.
ലോക്സഭയിൽ എൻ കെ പ്രമേചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികൾ ഇതുവരെ ബൂസ്റ്റർ ഡോസ് നിർദേശിച്ചിട്ടില്ല എന്നാണ് മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയത്.
അധിക ഡോസ് നല്‍കുന്നതില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. രണ്ട് ഡോസ് വാക്സീന്‍ എടുത്ത രോഗ പ്രതിരോധ ശേഷി കുറയുന്നവര്‍ക്കും മറ്റ് രോഗങ്ങൾ അലട്ടുന്നവര്‍ക്കും മൂന്നാമത് ഒരു ഡോസ് കൂടി നല്‍കി പ്രതിരോധം നിലനിര്‍ത്തുക. ആരോഗ്യമുള്ളവരില്‍ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.
കൊവിൻ പോർട്ടലിലെ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ 1,31,94,44,624 ഡോസ് വാക്സീനാണ് കുത്തിവച്ചത്. 81,33,08,664 പേർ ഒരു ഡോസും 50,61,35,960 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
















