ദില്ലി: ജനറൽ ബിപിൻ റാവത്തിനും (Bipin Rawat) ഭാര്യ മധുലികക്കും രാജ്യം വിട നൽകുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Sha) അടക്കമുള്ള പ്രമുഖർ അന്തിമോപാചാരമർപ്പിച്ചു. മൃതദേഹം ബ്രാർ ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുകയാണ്. രാവിലെ ദില്ലി കാമരാജ് മാർഗ് മൂന്നാം നമ്പർ വസതിയിൽ എത്തിച്ച മൃതദേഹങ്ങളിൽ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലിയർപ്പിച്ചത്. മക്കളായ കൃതികയും തരിണിയും കണ്ണീരോടെ അച്ഛനും അമ്മയ്ക്കും വിട നൽകി.
ചീഫ് ജസ്റ്റിസ് എൻ വി രമണ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വസതിയിലെത്തിയിരുന്നു. വിലാപയാത്രയായാണ് ജനറൽ റാവത്തിന്റെയും ഭാര്യ മധുലികയുടേയും മൃതദേഹം ബ്രാർ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നത്. ജനറൽ റാവത്തിന്റെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ നാലേമുക്കാലോടെ സംസ്കരിക്കും. 3:30 ഓടെയാണ് വിലാപയാത്ര ബ്രാർ സ്ക്വയറിൽ എത്തുക. മൂന്ന് സേന വിഭാഗങ്ങളിലേയും ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർക്കാണ് സംസ്കാര ചടങ്ങുകളുടെ ചുമതല. സൈനിക ബഹുമതികളോടെ 4:45 നാണ് സംസ്കാരം.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥൻറെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയുടെ സുരക്ഷാഭടൻമാർ അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.
















