തൃശ്ശൂർ: കൂനൂർ ഹെലികോപ്ടർ അപകടത്തിൽ (Helicopter Crash) മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ (Pradeep) മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും മൂന്ന് ദിവസത്തിന് ശേഷമെന്ന് വിവരം കിട്ടിയതായി സഹോദരൻ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുൻപ് അറിയിക്കും എന്നാണ് വിവരം ലഭിച്ചത്. വിമാന മാർഗം കൊച്ചിയിൽ എത്തിച്ചു. തുടർന്ന് റോഡ് മാർഗം തൃശ്ശൂരിൽ എത്തിക്കും എന്നാണ് ധാരണ. കുടുംബത്തിലെ ആരുടെയും ഡിഎൻഎ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു.
പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടർന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.

















