കൊല്ലം;കന്യാകുമാരി – കൊല്ലം മിനി കപ്പൽ സർവീസ് ആരംഭിക്കുന്നു. കേരളവും തമിഴ്‌നാടും കപ്പൽയാത്ര സംബന്ധിച്ച് ഉന്നതതല ചർച്ചകൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഉടനെ താൽപ്പര്യപത്രം ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് മാരിടൈം ബോർഡ്. കന്യാകുമാരിയിൽ എത്തുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
സാധാരണ യാത്രക്കാരെയും ആകർഷിക്കുന്നതാകും സർവീസ്. മത്സ്യമേഖലയ്‌ക്കോ മീൻപിടിത്തത്തിനോ ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം കപ്പൽ പാതയിലൂടെയാകും സർവീസ്. ഇതിന്റെ സാധ്യത സംബന്ധിച്ച വിശദപഠനം ഉടൻ തുടങ്ങും. റിപ്പോർട്ട് അനുകൂലമാണെങ്കിൽ സർവീസ് ആലപ്പുഴ വരെ നീട്ടാനും ആലോചനയുണ്ട്. കൊല്ലത്തുനിന്ന് കൂടുതൽ കപ്പൽ സർവീസ് നടത്താൻ താൽപ്പര്യമുള്ളർക്ക് അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോർഡ്.
പൗരാണിക വാണിജ്യനഗരമായ കൊല്ലം, ലോക ടൂറിസം ഭൂപടത്തിന്റെ തൊടുകുറിയായ കോവളം, കാഴ്‌ചകളുടെ മായാലോകം ഒരുക്കുന്ന കന്യാകുമാരി എന്നിവയെ തൊട്ടുരുമ്മിയുള്ള യാത്രയ്‌ക്ക് എത്തുന്നവർക്ക് തുറമുഖങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. ഇതിനായി വിഴിഞ്ഞത്തും കൊല്ലത്തും പ്രാരംഭ നടപടികൾ ഉടൻ തുടങ്ങും. മാരിടൈം ബോർഡിനാണ് സർവീസിന്റെ മേൽനോട്ടം.

















