തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് 49ഉം അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. സ്കൂളുകളുടെ പട്ടിക ഉടൻ ഇറക്കും.
താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് മൊത്തം 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ അലയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുക. കൂടുതലും സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ട് എന്നാണ് സൂചന. സീറ്റ് ഒഴിവുള്ള ബാച്ചുകൾ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും.

















