കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2021-24 വർഷത്തെ ഭരണസമിതിയിലേക്ക് 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചപ്പോഴാണ് എതിർ സ്ഥാനാർത്ഥിയില്ലാതായതോടെ മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായി രണ്ടാംവട്ടമാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്.
ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കും എതിരില്ല. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ജയസൂര്യ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖ് ആണ് ട്രഷറര്‍.
കൂടുതൽപ്പേർ മത്സരിക്കുന്നതിനാൽ വൈസ്‌പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മൂന്നുപേർ മത്സരിക്കുന്നു. ഔദ്യോഗിക പാനലിലുള്ള ആശാ ശരത്ത്, ശ്വേതാ മേനോൻ എന്നിവർക്കെതിരെ മണിയൻപിള്ള രാജുവാണ് മത്സരിക്കുന്നത്.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായ് 14 പേർ മത്സരരംഗത്തുണ്ട്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറൽ ബോഡി യോഗവും 19ന് നടക്കും.
















