തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ക്കരണത്തിൽ ധാരണയായി. പതിനൊന്നാം ശമ്പള സ്‌കെയിൽ പ്രകാരം അടിസ്ഥാന ശമ്പളം 23,000 ആയി നിശ്ചയിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 8730ൽ നിന്നാണ് അടിസ്ഥാന ശമ്പളം 23,000 ആകുന്നതെന്നും പെൻഷൻകാർക്ക് മാത്രം മുൻകാല പ്രാബല്യത്താടെ 2021 ജൂൺ തൊട്ടുള്ള ആനുകൂല്യം നൽകുമെന്നും മന്ത്രി അറിയിച്ചു.
137 % ഡി എ അനുവദിക്കും. എച്ച് ആര്‍എ 4 ശതമാനം, കുറഞ്ഞത് 1200 രൂപ കൂടിയത് 5000 രൂപ, പ്രസവ അവധി 180 ദിവസം എന്നത് ഒന്നരവര്‍ഷമാക്കി. 6 മാസത്തിന് ശേഷം പ്രതിമാസം 5000 രൂപ നല്‍കും. സാമ്പത്തിക ബാധ്യത മറികടക്കാന്‍ 45 വയസ്സ് പിന്നിട്ട ജീവനക്കാര്‍ക്ക് പകുതി ശമ്പളത്തിന് 5 വര്‍ഷം വരെ അവധി അനുവദിക്കുന്ന പദ്ധതിയും മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചു.
ജീവനക്കാർക്ക് 2022 ജനുവരി മുതലാണ് പരിഷ്‌കരണ ആനുകൂല്യം ലഭിക്കുക. ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കുമെന്നും 14 വിഭാഗം മെക്കാനിക്കൽ ജീവനക്കാരെ രണ്ടു കാറ്റഗറി ആക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സ്‌പെഷ്യൽ റൂൾസ് ഇതിനായി ഭേദഗതി ചെയ്യുമെന്നും അറിയിച്ചു.
45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അഞ്ചു വർഷം വരെ 50 % ശമ്പളത്തോടെ അവധി നൽകും. എം പാനൽ കാര്യം തീരുമാനിക്കാൻ മൂന്നംഗ സമിതി രൂപവത്കരിക്കും. സ്വിഫ്റ്റിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നടപ്പാക്കും – മന്ത്രി അറിയിച്ചു.
ശമ്പള പരിഷ്‌കരണത്തെ കുറിച്ച് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചെന്നും പുതുക്കിയ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ഈ കരാറിൽ യൂണിയനുകൾ ഒപ്പിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ബസ് സമരം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ശമ്പള പരിഷ്‌കരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതർഹമെന്ന് കെ.എസ്.ആർ.ടി.എ (സിഐടിയു) പറഞ്ഞു. ശമ്പള പരിഷ്‌കരണം അംഗീകരിക്കുന്നുവെന്നും കെ സ്വിഫ്റ്റിൽ വിട്ടു വീഴ്ചയില്ലെന്നും റ്റി.ഡി.എഫ് (ഐ.എൻ.ടി.യു.സി) അറിയിച്ചു. തുല്യ നീതിയുടെ വിജയമെന്നും കെ സ്വിഫ്റ്റിൽ നിയമനടപടി തുടരുമെന്നും ബി.എം.എസ് വ്യക്തമാക്കി.

















