ബംഗളൂരു :കുനൂർ ഹെലികോപ്ടർ അപകടത്തില്‍ (Army Helicopter Crash) ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ (Varun Singh) വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി. എയർ ആംബുലൻസിൽ വൈകിട്ടാണ് അദ്ദേഹത്തെ ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡോ ആശുപത്രിയിലേക്ക് എത്തിച്ചത്.
പരിക്കേറ്റ വരുൺ സിംഗ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. വിദഗ്ധ ചികിത്സ നൽകുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ വ്യോമസേനാ കമാന്റോ ആശുപത്രിയിലേക്ക് മാറ്റിയത്.
സൈനിക ആശുപത്രിയിൽ നിന്നും സുലൂർ വരെ പ്രത്യേക ആംബുലൻസിലാണ് വരുൺ സിംഗിനെ എത്തിച്ചത്. അവിടെ നിന്നും പ്രത്യേക വിമാനത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചു. പ്രത്യേക ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ ഉള്ളത്. അദ്ദേഹത്തെ പരിചരിക്കുന്നതിനായി ഏറ്റവും മികച്ച ഡോക്ടർമാർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൈനിക ആശുപത്രികളിൽ ഒന്നാണ് എയർഫോഴ്‌സ് കമാന്റോ ആശുപത്രി.
















