ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഹൈ-റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും സിംഗപൂരിനെ ഒഴിവാക്കി. സിംഗപൂരിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ പ്രത്യേക കൊറോണ മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ 12 രാജ്യങ്ങളാണ് അപകട രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
ദക്ഷിണാഫ്രിക്കയിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത നടപടികൾ സ്വീകരിച്ചിരുന്നു. വിമാനത്താവളങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ശക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രായേൽ തുടങ്ങി ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു.ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പോസ്റ്റ്-അറൈവൽ ടെസ്റ്റിംഗ് ഉൾപ്പെടെ, രാജ്യത്ത് എത്തിച്ചേരുമ്പോൾ അധിക നടപടികൾ പാലിക്കേണ്ടതുണ്ട്.
















