ആലപ്പുഴ; കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാർഡിൽ താറാവുകളെ ഇന്ന് തന്നെ അഗ്നിക്കിരയാക്കും. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. ചത്ത താറാവുകളുടെ സാംപിൾ പരിശോധയിൽ H5 N1 വൈറസാണ് കണ്ടെത്തിയത്.
ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് ഈ നിയന്ത്രണം ബാധകമാകുക.
തകഴി പഞ്ചായത്ത് 10ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവു ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനും പോലീസിന് നിര്‍ദേശം നല്‍കി.ഈ വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

















