കുഞ്ഞാലി മരക്കാർ നാലാമൻറെ കഥ പറയുന്ന പ്രിയദർശൻ ചിത്രം ‘മരക്കാർ'(Marakkar)വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നീയേ എൻ തായേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം പകർന്നിരിക്കുന്നത് റോണി റാഫേൽ. ഹരിശങ്കറും രേഷ്‍മ രാഘവേന്ദ്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇതിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തെത്തിയിരുന്നു.
നെടുമുടി വേണു അവതരിപ്പിക്കുന്ന കോഴിക്കോട് സാമൂതിരിയുടെ രാജസദസ്സിൽ ആലപിക്കപ്പെടുന്ന കീർത്തനത്തിൻറെ രൂപത്തിലാണ് ഗാനത്തിൻറെ ചിത്രീകരണം. കീർത്തി സുരേഷിനെയും അർജുനെയും ഗാനരംഗത്തിൽ കാണാം. ഡിസംബർ രണ്ടാം തിയതിയാണ് മരക്കാർ തിയറ്ററുകളിൽ എത്തിയത്.
ഒടിടി റിലീസുമായി ബന്ധപ്പെട്ട അിശ്ചിതത്വത്തിന് ഒടുവിലായിരുന്നു തിയറ്റർ റിലീസ്. ചിത്രത്തിന് ആദ്യദിനങ്ങളിൽ മോശം പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരിൽ ചിലരും പ്രേക്ഷകരിൽ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ആദ്യദിനം ലോകമാകെ 16,000 പ്രദർശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.
















