തൊടുപുഴ: സംസ്ഥാനത്തിൻറെ കാര്‍ഷിക ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഇടുക്കി ജില്ലയുടെ കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ സമഗ്ര പദ്ധതിയായ ‘ഫാം സ്കൂൾ’ ഒരുങ്ങുന്നു.ജില്ലയില്‍ ഇതിൻറെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്.
കേരള പുനര്‍നിര്‍മാണ ദൗത്യത്തിൻറെ ഭാഗമായി 2018ലെ പ്രളയക്കെടുതികള്‍ ഏറ്റവും രൂക്ഷമായി ബാധിച്ച മറ്റ് ഏഴ് ജില്ലകളില്‍ നടപ്പാക്കിയ പദ്ധതിയാണ് ഇടുക്കിയിലേക്കും വ്യാപിപ്പിക്കുന്നത്. കൃഷിയില്‍ മികവും വൈവിധ്യവും കാര്യക്ഷമതയും പ്രകടിപ്പിക്കുന്ന കര്‍ഷകരെ തെരഞ്ഞെടുത്ത് ഫാം സ്കൂളുകള്‍ ആരംഭിക്കുകയും ഇതുവഴി കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയുമാണ് പദ്ധതി.
ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ 100പേരെ സംരക്ഷക കര്‍ഷകരായി തെരഞ്ഞെടുത്തിട്ടുണ്ട്.സംരക്ഷക കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട നൂറുപേരില്‍നിന്ന് 20പേരെ കണ്ടെത്തിയാണ് ഫാം സ്കൂള്‍ നടത്താന്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നത്. ജൈവവൈവിധ്യത്തിന് പ്രാധാന്യം നല്കി മെച്ചപ്പെട്ട രീതിയില്‍ കൃഷി ചെയ്യുന്നവരും ഫാം സ്കൂളിന് അനുയോജ്യമായ സ്ഥലസൗകര്യമുള്ളവരുമായ കര്‍ഷകരെയാണ് ഇതിലേക്ക് പരിഗണിച്ചത്.
ഫാം സ്കൂള്‍ തുടങ്ങാന്‍ ഇവര്‍ക്ക് 50,000 രൂപ വീതം ധനസഹായം അനുവദിക്കും. േമല്ത്തരം വിത്തിനങ്ങള്‍, സുസ്ഥിര കൃഷിരീതികള്‍, ജൈവ വൈവിധ്യവും മണ്ണിെന്റ ഫലഭൂയിഷ്ടിയും നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച തങ്ങളുടെ പ്രായോഗിക അറിവുകള്‍ ഇവര്‍ ഫാം സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന ക്ലാസുകള്‍ വഴി മറ്റ് കര്‍ഷകര്‍ക്ക് നല്‍കും. വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്താം. തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്ക് ഫാം സ്കൂള്‍ നടത്തിപ്പ് സംബന്ധിച്ച് ജില്ലതലത്തില്‍ പരിശീലനം നല്‍കും.
കര്‍ഷകരുടെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ ഇടുക്കിയില്‍ പൂര്‍ത്തിയായി. ഈ മാസം മധ്യത്തോടെ ജൈവ വൈവിധ്യബോര്ഡിലെ ഉന്നതരും മറ്റ് വിഗ്ധരും ജില്ല സന്ദര്‍ശിക്കും. ഇതിനുശേഷമാകും തുടര്‍നടപടി.ഫാം സ്കൂള്‍ പദ്ധതിക്ക് അനുബന്ധമായി വിവിധ ജില്ലകളില്‍ കാര്‍ഷിക പൈതൃക കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കാനും ആലോചനയുണ്ട്. വ്യത്യസ്തമായ പരമ്ബരാഗത കൃഷിരീതികള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളെയാകും ഇതിനായി തെരഞ്ഞെടുക്കുക. ജില്ലയില്‍നിന്ന് മറയൂരിലെ കരിമ്ബ് കൃഷിയാണ് ഇതിനായി പ്രധാനമായും പരിഗണിക്കുന്നത്.
















