ന്യൂഡല്‍ഹി: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ (Bipin Rawat Death) ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും. അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം അറിയിച്ചു. ഇന്ത്യന്‍ ജനതയുടെ വേദനയില്‍ പങ്കുചേരുമെന്ന് യുഎന്‍ അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
















