ന്യൂഡല്‍ഹി: കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. നാളെ വൈകുന്നേരത്തോടെ മൃതദേഹം വെല്ലിങ്ഡണിലെ ആശുപത്രിയിൽനിന്ന് വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കും.
ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രായായി മൃതദേഹം ഡൽഹി കന്റോൺമെന്റിലെത്തിക്കും. ഡൽഹി ബ്രാർ സ്‌ക്വയറിലാണ് സംസ്‌കാരം നടക്കുക. ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് അസംബ്ലി നാളെ അനുശോചനം രേഖപ്പെടുത്തി പിരിയും.
63 വയസുകാരനായ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ എയർഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.
















