ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ കുനൂർ ഹെലികോപ്റ്റർ അപകത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപ് ആണ് മരിച്ചത്. അറക്കൽ രാധാകൃഷ്ണന്റെ മകനായ പ്രദീപ് തൃശൂർ സ്വദേശിയാണ്. ഭാര്യ ശ്രീലക്ഷ്മി. രണ്ട് മക്കൾ.
ഗുരുതര പരിക്കേറ്റവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന നാളെ പാർലമെന്റിലുണ്ടാകും.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.
14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ചികിത്സയിലാണ്.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ. ഗുര്‍സേവക് സിംഗ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവർ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നു.

















