ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മരണം രാജ്യത്തെ ശരിക്കും ഞെട്ടിക്കുന്നതാണ്. സൈനിക ഹെലികോപ്ടർ അപകടത്തിൽ പെട്ടാണ് റാവത്ത് വീരചരമം അടഞ്ഞത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍നിന്ന് രക്ഷപെടുത്തി സൈനിക ആശുപത്രിയില്‍ വിദഗ്ധചികിത്സ നല്‍കിയെങ്കിലും 85 ശതമാനത്തോളം പൊള്ളലേറ്റതാണ് മരണത്തിലേക്ക് നയിച്ചത്.
ജനറൽ റാവത്തിന്‍റെ കരിയറിലെ 5 സുപ്രധാന നേട്ടങ്ങള്‍
1. ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത്. കരസേന മേധാവി സ്ഥാനത്തു നിന്നാണ് ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവി സ്ഥാനത്തേക്ക് എത്തിയത്. 2019 ലായിരുന്നു പ്രഖ്യാപനം. മൂന്ന് വര്‍ഷ കാലാവധിയാണ് സംയുക്ത സേനാ മേധാവിക്കുള്ളത്. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്.
സീനിയോറിറ്റിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ 2016ൽ കരസേനയുടെ 27-ാമത് മേധാവിയായി അദ്ദേഹത്തെ നിയമിച്ചു. രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയാണ് അദ്ദേഹത്തെ കരസേനാ മേധാവി സ്ഥാനത്തേക്ക് നിയമിച്ചത്. തുടർന്ന് അദ്ദേഹം 2019-ൽ സിഡിഎസായി ഉയർന്നു. കേന്ദ്രസർക്കാര്‍ സൈനിക നിയമങ്ങളിൽ ഭേദഗതി വരുത്തി സൂപ്പർആനുവേഷൻ പ്രായം 62ൽ നിന്ന് 65 ആക്കി ഉയർത്തി.
2. വടക്കുകിഴക്കൻ ഇന്ത്യയിൽ തീവ്രവാദം കുറയ്ക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2015 ല്‍ മ്യാന്‍മർ അതിർത്തി കടന്ന് എൻഎസ്‌സിഎൻ-കെ തീവ്രവാദികളെ തുരത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കത്തിനും നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു.
2016-ലെ സർജിക്കൽ സ്‌ട്രൈക്കുകളുടെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. അതിൽ ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പിൽ വ്യോമാക്രമണം നടത്തി.
3. വടക്കൻ, കിഴക്കൻ കമാൻഡുകൾ ഉൾപ്പെടെയുള്ള ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ച ജനറൽ റാവത്ത്, കലാപങ്ങള്‍ നിയന്ത്രിക്കുന്നതിലും യുദ്ധത്തിലും പരിചയസമ്പന്നനായിരുന്നു. ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് (ജിഒസി-സി) സതേൺ കമാൻഡ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തന്റെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ അദ്ദേഹം നിരവധി സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ഉറിയിൽ ഒരു കമ്പനിയുടെ കമാൻഡറായി. കേണൽ എന്ന നിലയിൽ, അരുണാചൽ പ്രദേശിലെ കിബിത്തുവിലെ നിയന്ത്രണ രേഖയിൽ ഈസ്റ്റേൺ സെക്ടറിലെ അഞ്ചാമത്തെ ബറ്റാലിയൻ 11 ഗൂർഖ റൈഫിൾസിന്റെ കമാൻഡറായി. ഒരു ബ്രിഗേഡിയർ എന്ന നിലയിൽ, കശ്മീരിലെ സോപോറിൽ രാഷ്ട്രീയ റൈഫിൾസിന്റെ 5 സെക്ടർ കമാൻഡറായി. അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായിട്ടുണ്ട്. കൂടാതെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ബഹുരാഷ്ട്ര ബ്രിഗേഡിന് കമാൻഡർ ചെയ്തിട്ടുണ്ട്, അവിടെ അദ്ദേഹത്തിന് രണ്ട് തവണ ഫോഴ്‌സ് കമാൻഡറുടെ പ്രശംസ ലഭിച്ചു.
4. പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്‌ട് സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, യുദ്ധ സേവാ മെഡൽ, സേനാ മെഡൽ തുടങ്ങി നിരവധി ബഹുമതികൾ ജനറൽ റാവത്തിന് ലഭിച്ചിട്ടുണ്ട്.
5. ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലെയും ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ വിദ്യാർത്ഥിയാണ് ജനറൽ റാവത്ത്. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് 1978 ഡിസംബറിൽ പതിനൊന്ന് ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനിൽ കമ്മീഷൻ ചെയ്തു. ‘സോര്‍ഡ് ഓഫ് ഓണർ’ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജനറൽ റാവത്ത് യുഎസ്എയിലെ കൻസാസ് ഫോർട്ട് ലെവൻവർത്തിലെ കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളേജ് (സിജിഎസ്‌സി) കോഴ്‌സിലും പങ്കെടുത്തിട്ടുണ്ട്.
















