കോയമ്പത്തൂർ: തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. ബിപിൻ റാവത്തിനു പുറമേ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്.വ്യോമസേനയാണ് ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം.
















