തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടിയും പദ്ധതിയുടെ നടത്തിപ്പുകാരായ കെ–റെയിൽ വഴിയുണ്ടാകുന്ന ബാധ്യതകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന ഉറപ്പ് നേരത്തേ നൽകിയിരുന്ന കാര്യം കത്തിൽ ഓർമിപ്പിക്കുന്നു.
പദ്ധതിയുടെ വിശദമായ റിപ്പോർട്ടും കേന്ദ്രത്തിനു നൽകി. കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തിൽ പദ്ധതി നിർണായകമാകുമെന്നു കത്തിൽ പറയുന്നു. അര്‍ധ-അതിവേഗ റെയില്‍പ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിൻ്റെ മുന്നോടിയായി റെയില്‍വേ അധികൃതരും കെ-റെയില്‍ അധികൃതരും അലൈന്‍മെന്റില്‍ സംയുക്ത പരിശോധന നടത്തും.
റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് സില്‍വര്‍ലൈനു വേണ്ടി ഏറ്റെടുക്കേണ്ടത്. ഇത് പദ്ധതിയിലുള്ള റെയില്‍വേയുടെ വിഹിതമായാണ് കണക്കാക്കുക. 530 കിലോമീറ്ററാണ് പാതയുടെ നീളം. തിരൂർ മുതൽ കാസർകോടുവരെ 220 കിലോമീറ്റർ നിർദിഷ്ട പാത നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായാണ്. വീടുൾപ്പെടെ 9314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും. പദ്ധതിക്ക് ഏകദേശം 66,000 കോടി രൂപ ചെലവു വരുമെന്നാണ് സർക്കാർ വിലയിരുത്തൽ.

















