പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ (Rajamouli) ‘ആർആർആർ’ (RRR). ‘ബാഹുബലി’യെന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ആകാംക്ഷകൾക്ക് കാരണം. ‘ആർആർആർ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഓൺലൈനിൽ നിറയുകയാണ്. ഇപോഴിതാ ‘ആർആർആർ’ ചിത്രത്തിന്റെ ട്രെയിലർ ഒമ്പതിനാണ് റിലീസ് എന്ന് അറിയിച്ച് അനൗൺസ്‍മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
രാജമൌലിയുടെ പുതിയ ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. ‘ജനനി’ അടക്കമുള്ള ചിത്രത്തിലേതായി വന്ന ഗാനങ്ങൾ ഒക്കെ വൻ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു. രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് കെ കെ സെന്തിൽ കുമാറാണ്. ഇപോൾ ‘ആർആർആർ’ ചിത്രത്തിന്റേതായി പുറത്തുവിട്ട സ്‍നീക്ക് പീക്ക് വീഡിയോ വൻ പ്രതീക്ഷകളാണ് സൃഷ്‍ടിച്ചിരിക്കുന്നത്.
ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാർ മായിലും തമിഴ് പതിപ്പ് സ്റ്റാർ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാർ സുവർണ്ണയിലും പ്രദർശിപ്പിക്കും.
രാജമൗലിയുടെ പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് എത്തുക. അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങിയ താരങ്ങളാണ് രാജമൗലിയുടെ ‘ആർആർആറി’ൽ അഭിനയിപ്പിക്കുക. 1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിൻറെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.
















