ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ചുവന്നതൊപ്പി’ (സമാജ്‌വാദി പാർട്ടി ധരിക്കുന്നത്) ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ട് ആണെന്ന് മോദി പറഞ്ഞു.
അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലര്‍ട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പുറില്‍, നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
ചുവന്നതൊപ്പിക്കാര്‍ക്ക് ചുവന്ന ലൈറ്റുകളില്‍ (സര്‍ക്കാര്‍ വാഹനങ്ങളുടെ മുകളില്‍ കാണുന്ന റെഡ് ബീക്കണുകള്‍) മാത്രമാണ് താല്‍പര്യമെന്ന് ഉത്തര്‍ പ്രദേശുകാര്‍ക്ക് മുഴുവനും അറിയാമെന്നും മോദി പറഞ്ഞു. അധികാരത്തോടും വി.ഐ.പി. പദവിയോടും മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്ക് താല്‍പര്യമെന്ന വിമര്‍ശനമാണ് മോദി ഈ പരാമര്‍ശത്തിലൂടെ ലക്ഷ്യമാക്കിയത്.
വിലക്കയറ്റവും തൊഴിലില്ലായ്മയും കർഷകർക്കും തൊഴിലാളികൾക്കും ദുരിതവും വിതയ്ക്കുന്ന ബിജെപിക്കുള്ള ചുവന്ന സിഗ്‌നലാണ് തങ്ങളുടേതെന്ന് അഖിലേഷ് യാദവ് ട്വിറ്ററിൽ തിരിച്ചടിച്ചു. ഹത്രാസ്, ലഖിംപൂർ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിദ്യാഭ്യാസം, കച്ചവടം, ആരോഗ്യം എന്നീ രംഗത്തെ തകർച്ച എന്നിവയും ചുവന്ന തൊപ്പിയും അവരെ ഇക്കുറി അധികാരത്തിൽനിന്ന് പുറത്തെറിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
റോഡ് ഉദ്ഘാടനത്തിന് ഉടയ്ക്കുന്ന തേങ്ങക്ക് പകരം റോഡു തകരുന്ന വികസനമാണ് ബിജെപി കൊണ്ടുവരുന്നതെന്നും ബിജ്‌നോറിലെ സംഭവം പരാമർശിച്ചു അഖിലേഷ് പറഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത് മഥുരയിൽ നടന്ന റാലിക്ക് ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ബിജ്‌നോർ സദറിലെ ബിജെപി എംഎൽഎ സുചി മൗസം ചൗധരി 1.16 കോടി ചെലവിട്ട് നവീകരിച്ച ഏഴുകിലോ മീറ്റർ റോഡാണ് തകർന്നിരുന്നത്. വൻഭൂരിപക്ഷത്തോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ ബിജെപി ഇക്കുറി 400 സീറ്റുകളിലെങ്കിലും തോൽക്കുമെന്ന് അഖിലേഷ് പറഞ്ഞു.
അതേസമയം, 2017-ല്‍ 403-ല്‍ 312 സീറ്റുകളും പിടിച്ച് അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ സാധിക്കില്ലെന്നാണ് അഖിലേഷിന്റെ അവകാശവാദം. ‘ജനങ്ങള്‍ക്കിടയിലെ രോഷം നോക്കുമ്പോള്‍ ബി.ജെ.പി. 400 സീറ്റിലെങ്കിലും പരാജയപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ യു.പിയില്‍നിന്ന് ബി.ജെ.പി. തുടച്ച് നീക്കപ്പെടും’ അഖിലേഷ് പറഞ്ഞു.
ബി.ജെ.പിയുടെ എല്ലാ കാര്യങ്ങളും വ്യാജമാണ്. അവരുടെ വാഗ്ദാനങ്ങളെല്ലാം വ്യാജമാണ്. അവര്‍ ഒരു വ്യാജപുഷ്പമാണ്, ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാന്‍ അവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.
















