ന്യൂഡൽഹി; കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ തീവ്രശ്രമം. താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മിക്കവതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കി.സമരത്തെ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്.
ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിച്ചാല്‍ 15 മാസത്തിലേറെയായി ഡല്‍ഹിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം അവസാനിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് പി കൃഷ്ണപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു.
എംഎസ്പി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രം പരിഗണിച്ചേക്കും. ഇക്കാര്യത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൃഷി വിദഗ്ധര്‍, പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സമിതി. വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















