കോഴിക്കോട്: ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളില്‍നിന്നു കല്യാണ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്ന കാലമാണിത്.എങ്ങനെ വ്യത്യസ്തമായ ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങള്‍ ഒരുക്കാമെന്നാണ് പല വധുവരന്മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ചിന്ത. പലപ്പോഴും രാഷ്ട്രീയവും ജോലിയുമെല്ലാം ‘സേവ് ദി ഡേറ്റ്’ തീമുകളായി വരാറുണ്ട്. അത്തരത്തില്‍ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. അങ്ങനെയൊരു ‘സേവ് ദി ഡേറ്റ്’ ഫൊട്ടോഷൂട്ടാണ് ഇപ്പോള്‍ വിവാദമാകുന്നത്.
കോഴിക്കോട് നഗരത്തിലെ ഒരു വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐയാണ് പ്രതിശ്രുത വരനോടൊപ്പം ഔദ്യോഗിക യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തി വിവാദത്തില്‍ പെട്ടിരിക്കുന്നത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ വരനുമായി ഫോട്ടോഷൂട്ട് നടത്തിയത്.
ഇതിന്റെ ചിത്രങ്ങള്‍ സേനാംഗങ്ങള്‍ക്കിടയില്‍ എത്തിയതോടെയാണ് ചര്‍ച്ചയായി മാറിയത്. എസ്.ഐയുടെ ഫോട്ടോഷൂട്ട് യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഡി.ജി.പിയുടെ ഉത്തരവ് ലംഘിക്കുന്നതുമാണെന്നുമാണ് വിമര്‍ശനം. എന്നാല്‍ പരസ്യപ്രതികരണവുമായി ആരും രംഗത്ത് എത്തിയിട്ടില്ല.
2015 ല്‍ ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവി ആയിരുന്ന സമയത്ത് സമൂഹ മാധ്യമങ്ങളില്‍ ഇടപെടുമ്ബോള്‍ സേനാംഗങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍ അല്ലാതെ യൂണിഫോം ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല എന്ന് വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം എസ്‌ഐ കാറ്റില്‍ പറത്തിയെന്നാണ് വിമര്‍ശനം.
















