മത പരിവർത്തനം ആരോപിച്ച് സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. ക്രിസ്ത്യൻ മിഷണറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ മത പരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായികുന്നു നൂറോളം വരുന്ന ബജ്‌രംഗദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ഗഞ്ച് ബസോഡ ടൗണിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെ തിങ്കളാഴ്ചയായിരുന്നു ആക്രമണം ഉണ്ടായത്.
സ്‌കൂൾ അടിച്ച് തകർക്കുകയും കെട്ടിടത്തിന് നേരെ വ്യാപകമായ കല്ലേറും അക്രമി സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷപ്പെട്ടത്.
എട്ട് വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ ഇടപെട്ട് മതംമാറ്റിയതായി സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂൾ പരിസരത്ത് വലിയ ജനക്കൂട്ടം രൂപം കൊള്ളുകയും സ്‌കൂൾ മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് പിന്നാലെ ആയിരുന്നു കല്ലേറും ആക്രമണവും ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ദൃശ്യങ്ങളിലുണ്ട്.
മലയാളിയായ ബ്രദർ ആന്റണിയാണ് ആക്രമിക്കപ്പെട്ട സെന്റ് ജോസഫ് സ്‌കൂലിന്റെ മാനേജർ. ആക്രമണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്‌കൂളിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ ചൂണ്ടിക്കാട്ടി ആക്രമണ സാധ്യത പൊലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. നവ മാധ്യമങ്ങൾ വഴി നേരത്തെ തന്നെ സ്‌കൂളിനെതിരെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും പോലീസ് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്‌കൂളിനെതിരായ മതപരിവർത്തനം സംബന്ധിച്ച ആരോപണങ്ങളും ബ്രദർ ആന്റണി നിഷേധിച്ചു.
എന്നാൽ, ആരോപണവിധേയമായ മതപരിവർത്തനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്‌റംഗ്ദൾ യൂണിറ്റ് നേതാവ് നിലേഷ് അഗർവാൾ ആവശ്യപ്പെട്ടു. ഇത്തരം ആരോപണങ്ങൾ തെളിഞ്ഞാൽ സ്‌കൂൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്രമ സംഭവത്തിന് പിന്നാലെ സെന്റ് ജോസഫ് സ്‌കൂൾ ഉൾപ്പെടെ പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
















