പത്തനംതിട്ട: സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ ഉൾപ്പടെ കൂടുതൽ പേരെ പ്രതിചേർത്തേക്കും.
കേസിലെ അഞ്ച് പ്രതികളെയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യും. ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിക്കുകയാണ് പ്രതികൾ. ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിലും രാഷ്ട്രീയ വൈരാഗ്യമല്ല കാരണമെന്ന് പ്രതികൾ പറഞ്ഞിരുന്നു. 8 ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കൃത്യത്തിന് ശേഷം ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കേസിൽ പ്രതി ചേർക്കും. അഞ്ചാം പ്രതി വിഷ്ണു കുമാറിന്റേതെന്ന് സംശയിക്കുന്ന കൊലപാതക വിവരങ്ങൾ സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ക്വട്ടേഷൻ നേതാക്കളുടെ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടായെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയുടെ ആധികാരികത പൊലീസ് പരിശോധിക്കുന്നുണ്ട്.

















