ന്യൂഡൽഹി: ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. ഇന്ത്യയും റഷ്യയും ഒരുമിച്ച് കൊവിഡിനെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് പോരാട്ടത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൊവിഡ് ബാധിച്ചില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്നും നരേന്ദ്രമോദി ദില്ലയിൽ പറഞ്ഞു. ഇന്ത്യ- റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്ന് പുടിനും വ്യക്തമാക്കി.
അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളിൽ പുടിൻ ആശങ്കയറിയിച്ചു. തീവ്രവാദം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും മയക്കുമരുന്ന് കടത്തും, സംഘടിത കുറ്റകൃത്യങ്ങളും തടയാൻ കർശന നടപടികൾ വേണമെന്നാണ് പുടിൻ പറയുന്നത്.
രണ്ട് വർഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ഡല്‍ഹിയിൽ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയിൽ സുപ്രധാന ആയുധ കരാറുകൾ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.
ഇന്ത്യ – റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാൻ ശ്രമിച്ചെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്‌റോവ് പറഞ്ഞു. അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ഇന്ത്യയ്ക്ക് മേലെ സമ്മർദ്ദമുണ്ടായെന്നും എന്നാൽ ആരിൽ നിന്ന് ആയുധങ്ങൾ വാങ്ങണം എന്ന കാര്യത്തിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറുലക്ഷത്തിൽ അധികം എകെ 203 തോക്കുകൾ വാങ്ങുന്നതിനുള്ള ധാരണയിലടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കലാഷ്നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും തീരുമാനമായി. സൈനിക സഹകരണ ഉടമ്പടി 2031 വരെ നീട്ടിയ കരാറിലും മന്ത്രിമാർ ഒപ്പുവെച്ചു.
















